ആലപ്പുഴ: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവച്ച വിഷയത്തിൽ നിലപാട് തീരുമാനിക്കാൻ നിർണായക സിപിഐ എക്സിക്യുട്ടീവ് ഇന്ന് ആലപ്പുഴയിൽ നടക്കും. മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിർദേശങ്ങളിൽ അന്തിമ തീരുമാനമെടുക്കും.
അതേസമയം, സിപിഎം സമവായ സാധ്യതകൾ തേടുകയാണ്. രാവിലെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം നടക്കും. ഇന്ന് ബിനോയ് വിശ്വത്തെ പിണറായി വിജയൻ നേരിട്ട് വിളിച്ചേക്കുമെന്നാണ് സൂചന.
കരാറിൽ നിന്ന് പിന്മാറണമെന്ന പാർട്ടി ആവശ്യത്തോട് ഇതുവരെ വിദ്യാഭ്യാസവകുപ്പും സിപിഎമ്മും അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനാൽ സിപിഐ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാനാണ് സാധ്യത. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചർച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാർ ഒപ്പിട്ടതെന്നാണ് പാർട്ടി വിലയിരുത്തൽ.
മന്ത്രിമാരെ കാബിനറ്റ് യോഗത്തിൽ നിന്ന് പിൻവലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിർദേശങ്ങളാണ് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ ഉയർന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാൻ കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്. അതേ സമയം പാർട്ടി മുന്നണി വിടില്ല.
പിഎം ശ്രീയിൽ വിട്ടുവീഴചയില്ലാതെ സിപിഐ മുന്നോട്ട് പോകുമ്പോൾ സമവായ ചർച്ചക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. നിലവിലെ സാഹചര്യം വിലയിരുത്താൻ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.